ചിറകടിക്കും മുമ്പ്

Letter_voice
1



ഒരുപാട് കൈവഴികൾ ചേർന്ന്

ഒരൊറ്റ വഴിയായി തീരുന്നിടത്ത്

നീയെന്നെ കാത്തിരിക്കുന്നു.


നിറയെ ശ്വേതപുഷ്പങ്ങൾ

വിരിഞ്ഞു നിൽക്കുന്ന വഴികളിൽ

മുൻപേ കടന്നുപോയവർ 

ഉപേക്ഷിച്ച ചില അടയാളങ്ങൾ 

ഇപ്പോഴും മാഞ്ഞു പോയിട്ടില്ല.


ആകാശത്തിലേക്ക് തുറന്നു

വെച്ച ജാലകങ്ങളും

നിറംമങ്ങിയ ചിത്രങ്ങളും

നിലച്ചുപോയ ഘടികാരങ്ങളുമുള്ള

എൻ്റെ ഒറ്റമുറിയിൽ 

വെട്ടിയും തിരുത്തിയും അപൂർണ്ണമായ

ഒരു കവിതപോലെ 

അലങ്കോലപ്പെട്ട് ഞാനുണ്ട്.


എൻ്റെ മയക്കങ്ങളിൽ 

നിന്നെ മാത്രമാണ്

ഞാൻ കാണുന്നത്.

വിജനതയിൽ നിൻ്റെ മൗനഗീതികൾ

എന്നെയുണർത്താറുണ്ട്.


ഇത് ശിശിരകാലമായിരിക്കാം

ഇല പൊഴിഞ്ഞ

നഗ്നമായ മരങ്ങളിൽ

എത്ര മനോഹരമായാണ് മഞ്ഞ്

ശിൽപ്പങ്ങൾ മെനയുന്നത്. 


അരിച്ചെത്തുന്ന ഉറഞ്ഞ മൗനത്തിൽ

നാം രണ്ടുപേർ മാത്രമാകും.

പ്രണയത്താൽ ഉരുകിയ

ഒരൊറ്റവരിക്കവിത

മുഴുവനാക്കും മുൻപ്, നീയെൻ്റെ

ചുണ്ടുകളിൽ ചുംബിക്കും.


കാണെക്കാണെ നമ്മളിൽ

ചിറകുകൾ മുളയ്ക്കും

പതിയെ നിന്നുടലിനോട് ചേർന്ന് 

ഞാൻ ചിറകടിക്കും.


പറക്കും മുൻപ്, നീ പറഞ്ഞില്ലല്ലോ

ഇത്രമേൽ തണുത്തുറയാൻ

ഏത് ശൈത്യവുമായാണ്

നീയെന്നെ ഇറുകെ പുണർന്നതെന്ന്...?


_ഷീബ ദിനേഷ്

സ്വദേശം: മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്തിനടുത്ത് പേരശ്ശനൂരിൽ. ഇപ്പോൾ എരമംഗലത്ത് താമസിക്കുന്നു. വീട്ടമ്മയാണ്.

ആദ്യ കവിത പ്രസിദ്ധീകരിച്ചത് മാതൃഭൂമി വരാന്തപ്പതിപ്പിൽ യുവരംഗത്തിൽ (കവിത :വ്യർത്ഥ വിലാപം) മരുഭൂമി ആഴ്ചപ്പതിപ്പിൽ മഴ എന്ന കവിത വന്നിട്ടുണ്ട്. കലാകൗമുദിയിൽ സായന്തനം എന്ന കവിതയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 "മഴച്ചില്ലകൾ തളിർക്കുമ്പോൾ "എന്ന കവിതാ സമാഹാരത്തിൽ ഉറക്കം എന്ന കവിത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൺലൈൻ പ്രസിദ്ധീകരണങ്ങളിൽ ഇരുപതോളം കവിതകൾ വന്നിട്ടുണ്ട്.

അച്ഛൻ: ജനാർദ്ദന പണിക്കർ

അമ്മ: രാധ

ഭർത്താവ്: ദിനേഷ്കുമാർ

മക്കൾ: ഗൗരി, സൗരവ്

Tags

Post a Comment

1Comments

  1. എഴുത്ത് 👍
    വരികൾ അതി മനോഹരം

    ReplyDelete
Post a Comment

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !